അമ്പലപ്പുഴ: ജോലി ചെയ്യുന്നതിലെ തർക്കത്തെത്തുടർന്ന് 19 കാരനെ യുവാക്കള്‍ ചേര്‍ന്ന് മര്‍ദിച്ചെന്ന് പരാതി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് എട്ടാം വാർഡിൽ തൈപ്പറമ്പിൽ അൻഷാദിന്റെ മകൻ സഹദി(19)നാണ് മർദനമേറ്റത്. വെള്ളിയാഴ്ച പകൽ 1.45 ഓടെ നീർക്കുന്നം ഇജാബ പള്ളിക്ക് മുമ്പിലായിരുന്നു സംഭവം.
ആലപ്പുഴ സ്വദേശിയായ ഷിനാസും സുഹൃത്ത് വളഞ്ഞവഴി സ്വദേശിയായ യുവാവും ചേർന്ന് മരത്തടികൊണ്ട് മർദിക്കുകയായിരന്നെന്നാണ് പറയുന്നത്.
മർദനത്തിൽ സഹദിന്റെ കഴുത്തിനും വലത് കൈയുടെ തള്ളവിരലിനും ചതവേൽക്കുകയും വാരിയെല്ലിന് ക്ഷതമേൽക്കുകയും ചെയ്തു. പരിക്കേറ്റ സഹദ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രയിൽ ചികിത്സതേടി. എസ്എൻ കവലയ്ക്കു സമീപത്തെ മൊബൈൽ കടയിൽ ജോലി ചെയ്തുവരികയാണ് സഹദ്. മുമ്പ് ഷിനാസാണ് ഇവിടെ ജോലി ചെയ്തിരുന്നത്.
ഇയാൾ മാറിയശേഷമാണ് സഹദ് ഇവിടെ ജോലിക്ക് കയറുന്നത്. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ പലപ്പോഴും വാക്കേറ്റം നടന്നിരുന്നു. ഇതാണ് മർദനത്തിന് കാരണമെന്ന് പറയുന്നു.
എന്നാൽ, ഷിനാസിനോടൊപ്പം ഉണ്ടായിരുന്ന സുഹൃത്തിന്റെ മാതാവിനെ സഹദ് മർദിച്ചെന്നാരോപിച്ചും അമ്പലപ്പുഴ പോലീസിൽ പരാതി നൽകി. ഇവരും വെള്ളിയാഴ്ച ചികിത്സതേടിയിരുന്നു.